ബോക്സ് ഓഫീസില്‍ ആഗോളതലത്തില്‍ ഋഷഭ് ഷെട്ടി സൃഷ്ടിച്ച കാന്താരതരംഗം ഇനിയും അടങ്ങിയിട്ടില്ല. കാന്താര തുടർഭാഗത്തിനായുള്ള കാത്തിരിപ്പിനിടയില്‍ ഇതാ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി എത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള (കാന്താര 3) തിരക്കഥാരചനയ്ക്കു തുടക്കം കുറിച്ചതായി ഋഷഭ് ഷെട്ടി വെളിപ്പെടുത്തി.
മുന്‍ ഭാഗങ്ങളെപ്പോലെ തന്നെ പ്രകൃതിയും ദൈവീകശക്തികളും പരമ്പരാഗത ആചാരങ്ങളും തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും ആത്മാവ്. എന്നാല്‍ കഥാപശ്ചാത്തലത്തില്‍ വലിയൊരു മാറ്റമുണ്ട്. ഇത്തവണ പുതിയ തലമുറയുടെ കഥയിലൂടെയാണ് സിനിമ സഞ്ചരിക്കുക.
രാജകുടുംബവും ഗോത്രസമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അതിന്റെ അടുത്ത തലത്തിലേക്ക് ഉയരുമ്പോള്‍, അത് വിശ്വാസവും ആചാരങ്ങളും തമ്മിലുള്ള വലിയൊരു പോരാട്ടമായി മാറും. മുന്‍ ചിത്രങ്ങളേക്കാള്‍ ഏറെ ത്രില്ലിംഗ് ആയ ദൃശ്യാനുഭവമായിരിക്കും മൂന്നാം ഭാഗമെന്നും അതിനായുള്ള വന്‍ തയാറെടുപ്പുകളിലാണ് അണിയറപ്രവര്‍ത്തകരെന്നും ഋഷഭ് വ്യക്തമാക്കി. കന്നഡമണ്ണില്നിന്ന് വീണ്ടുമൊരു ദൃശ്യവിസ്മയം പ്രതീക്ഷിക്കാം!